മൂന്നാർ: വീണ്ടും പ്രസംഗത്തിനിടെ വിവാദ പരാമർശവുമായി സിപിഎം മുതിർന്ന നേതാവ് എം എം മണി. ഇടുക്കി വട്ടവടയില്‍ കഴിഞ്ഞദിവസം നടന്ന അഭിമന്യു അനുസ്‌മരണ യോഗത്തിലായിരുന്നു മണിയുടെ വിവാദ പരാമർശം.
എസ്‌എഫ്‌ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളേജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കില്‍ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നുമാണ് മണി പ്രസംഗത്തില്‍ പറഞ്ഞത്.
'ഉന്നത വിദ്യാഭ്യാസത്തിനുപോയ അഭിമന്യുവിനെ നിഷ്ഠൂരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മള്‍ വെറുതെ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാല്‍ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കില്‍ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാണ്. എന്നാല്‍ ഇത് നമ്മള്‍ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ, കേസൊക്കെയുണ്ടല്ലോ'- എന്നായിരുന്നു പ്രസംഗത്തിനിടെ എം എം മണി പറഞ്ഞത്.
